ഞാനുദയം കൊണ്ട ലബനാനാണെനിക്ക്
രാജ്യസ്‌നേഹത്തിന്റെ രാഗമീട്ടിയത്..
എന്‍ യൗവന യാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ബ്രസീലാണെങ്കിലും
ഇന്ന് നീ അതിനോട് ലജ്ജിക്കാന്‍ പറയണം..
മഴമേഘക്കൂട്ടങ്ങളുരുണ്ടു കൂടിയ
ആമസോണിനോട് നീ പിശുക്ക് കാണിക്കാന്‍ പറയണം
കട്ടകുത്തിയ കൂരിരുള്‍ രാത്രിയില്‍
കണ്ണീര്‍ മഴ പെയ്യട്ടെ,
മധുസൂനം ചാലിച്ചെഴുതിയ
എന്റെ ഹൃദയം പ്രകാശം
പൊഴിച്ചുകൊണ്ടേയിരിക്കും…
ഭിഷഗ്വരന്റെ ഒറ്റമൂലികള്‍ തോറ്റിടത്ത്
ലബനാന്‍ സ്മരണകളാല്‍ ഞാനെന്‍
ഹൃദയത്തിന് ശമനമേകി
സദാ ഞാനെന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്‍ കവചമൊരുക്കി താലോലിച്ചു..
അതിന്റെ വൈകല്യമോ സാകല്യമോ
ഞാന്‍ പരിഗണനക്കെടുത്തില്ല!!
നെല്‍കതിരിനാലൊരു സ്‌നേഹ ഗോപുരവും പണിതു വെച്ച്
കൊടുങ്കാറ്റിനോടാഞ്ഞു വീശാന്‍ പറഞ്ഞു..
അതെന്റെ സ്വപ്ന രാജ്യത്തെ തകര്‍ത്തീടാന്‍ ദിവാസ്വപ്നം കണ്ടീടട്ടെ..
ഇരുള്‍ നിറഞ്ഞ സാഗരത്തിലെന്‍
നൗകയുഴറിയാലും
തിരമാലകള്‍ക്കു മീതെ പാഞ്ഞുവന്നത്
പാറമടയില്‍ തലതല്ലിച്ചത്താലും
സാന്ത്വനത്തിന് കരങ്ങള്‍
കൈപിടിക്കാനില്ലെന്നാലും
പ്രതീക്ഷ തന്‍ കയറിനെ ഞാന്‍
മൗണ്ട് സീനായില്‍ ബന്ധിച്ചിരിക്കും..
വിഷാദ നുര പതഞ്ഞു പൊങ്ങിയ തിരമാലകളോട് ഞാനെന്‍ കഥനക്കഥ മൊഴിഞ്ഞുകൊണ്ടേയിരിക്കും, തീര്‍ച്ച!!!
സലീം അല്‍ഖൗരി (ലബനാന്‍ കവിത)
????️ മൊഴിമാറ്റം: ഹസനത്ത് സൈനിയ്യ പുത്തൂര്‍ പള്ളിക്കല്‍